മമ്മൂട്ടി നായകനായെത്തിയ ടർബോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആക്ഷൻ സിനിമയായ ടർബോയിലെ സംഘട്ടന രംഗങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രേക്ഷകരെല്ലാം അഭിനന്ദിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫൈറ്റ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു അപകടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ വൈശാഖ്. ഒരു ആക്ഷൻ സിനിമ ചെയ്യാം എന്ന തയ്യാറെടുപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തിയതെന്നാണ് മൂവി വേൾഡ് ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വൈശാഖ് വ്യക്തമാക്കിയത്.
പിടിച്ച് വലിക്കുന്ന ഒരു സീൻ ഉണ്ട്. അതിന് ശേഷം എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കുന്നതായിരുന്ന സീൻ. ചവിട്ട് കിട്ടുന്ന ആൾ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോൾ അയാളെ നമ്മൾ റോപ്പിൽ പുറകോട്ട് വലിക്കും. അപ്പോൾ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും ഇത്തരത്തിലാണ് സീൻ. എന്നാൽ റോപ്പ് വലിക്കുമ്പോൾ ഒരാളുടെ സിംഗ് മാറിപോയി. മമ്മൂക്ക എഴുന്നേറ്റ് വരും മുൻപ് തന്നെ തെറിക്കേണ്ടയാൾ ഡയറക്ഷൻ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതിൽ മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു. അവിടെയുണ്ടായ ഒരു മേശയിൽ ഇടിച്ച് മമ്മൂക്ക താഴേക്ക് വീണുവെന്ന് വൈശാഖ് വ്യക്തമാക്കുന്നു.
മുഴുവൻ സെറ്റും കൂട്ടനിലവിളി. ഞാൻ ഓടിച്ചെന്ന് മമ്മൂക്കയെ കസേരയിൽ ഇരുത്തി. ആ സമയത്ത് സ്വന്തം കൈ വിറയ്ക്കുന്നത് പോലെ തോന്നിയെന്ന് വൈശാഖ് ചൂണ്ടിക്കാട്ടി. ഫൈറ്റ് മാസ്റ്റർ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാൽ മമ്മൂക്ക ഇതിനെ സാധാരണമായാണ് എടുത്തത്. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്ന് മമ്മൂക്ക പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.