നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമയിൽ താൻ അഭിനയിക്കാനില്ല; സത്യരാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന സിനിമയിൽ താൻ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കി നടൻ സത്യരാജ്. ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിഷയത്തിൽ വിശദീകരണവുമായി എത്തിയത്.

2017 ൽ സാമൂഹിക പരിഷ്‌ക്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുടെ ജീവിതകഥ ആസ്പദമാക്കി പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഇറങ്ങിയിരുന്നു. 2019 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിൽ നരേന്ദ്ര മോദിയെ അവതരിപ്പിച്ചത്.