സിനിമയെ നിയന്ത്രിക്കുന്നത് പ്രേക്ഷകരാണെന്ന് നടൻ മമ്മൂട്ടി. നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുന്നു. പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊള്ളില്ലാത്തത് കാണാതിരിക്കുകയും നല്ലത് മാത്രം കാണുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സിനിമ മാറും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ. അതിൽ തർക്കമൊന്നുമില്ല. നമ്മുടെ പ്രേക്ഷകർ നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുകയും കാണാൻ വരുകയും ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളുണ്ടാകുന്നത്. മറ്റു ഭാഷകളിൽ, അവർക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നതെന്നും താരം അറിയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ടർബോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ഈ മാസം 23 നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

