ഒരുപാട് ക്യാമറകൾ ഒരേ സമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയം തോന്നും; രജനീകാന്ത്

ചെന്നൈ: ഒരുപാട് ക്യാമറകൾ ഒരേ സമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയം തോന്നുമെന്ന് തമിഴ് നടൻ രജനീകാന്ത്. തെരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാൻ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈ വടപളനിയിൽ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനീകാന്തിന്റെ പരാമർശം.

നിരവധി മാധ്യമപ്രവർത്തകർ എത്തും എന്നതിനാൽ ഈ ചടങ്ങിൽത്തന്നെ സംസാരിക്കാൻ ആദ്യം തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മൾ പറയുന്ന വാക്കുകൾ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടുമെന്ന് താരം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന പരിപാടികളിൽ പൊതുവെ പങ്കെടുക്കാത്തതിന്റെ കാരണവും രജനി അറിയിച്ചു. ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താൽ തനിക്ക് അതിൽ നിക്ഷേപമുണ്ട് എന്ന തരത്തിലാവും പ്രചരണം. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ ഡോക്ടർമാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചത്. തന്നെ ജീവനോടെ നിലനിർത്തിയതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.