ചെന്നൈ: കഴിഞ്ഞ ദിവസമാണ് ദേശീയപുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എം മണികണ്ഠന്റെ വസതിയിൽ മോഷണം നടന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ ഒരു നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം മോഷ്ടാക്കൾ തിരിച്ചുനൽകി.
ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളുമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽ നിന്ന് മോഷണം പോയത്. ഇവയിൽ നിന്നും ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ തിരികെ നൽകിയിരിക്കുന്നത്. മെഡലുകൾ പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എം മണികണ്ഠൻ ജനിച്ചത് ഉസലംപട്ടിയിലാണെങ്കിലും സിനിമാത്തിരക്കുകൾ കാരണം അദ്ദേഹം ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

