കേരളത്തിന്റേത് സമാധാനവും സ്‌നേഹവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരമാണ് എന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും കെനിയന്‍ സംവിധായികയും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവുമായ വനൂരി കഹിയു. അവര്‍ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ‘കേരളം എന്ന മാനവികത’ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ഉമോജ ആഫ്രിക്കയില്‍ ഒത്തൊരുമ എന്നര്‍ത്ഥം വരുന്ന വാക്കാണ്. ഉമോജ എന്ന വാക്കുമായാണ് കേരളം എന്ന അനുഭവം എനിക്ക് ചേര്‍ത്തുവയ്ക്കാനാകുന്നത്. കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ദീര്‍ഘമായ ചരിത്രമുള്ള നാടുകളാണ് കെനിയയും കേരളവും. കേരളമുയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കേരളം പാലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് നിസ്സംശയം പറയാനാകുന്നുവെന്നത് എന്നും കഹിയു അഭിപ്രായപ്പെട്ടു.

