ഡയറക്ടറിലൂടെയാണ് കഥയെ മനസിലാക്കുന്നത്; വിജയ് സേതുപതി

ഒരിക്കലും ഒരു കാര്യത്തിലും അധികം നേരം ഫോക്കസ് ചെയ്യാൻ കഴിയാത്ത ആളാണ് താനെന്ന് വിജയ് സേതുപതി. ഒരു ബുക്ക്‌ വായിച്ചാൽ പോലും കുറച്ച് പേജ് വായിച്ച ശേഷം അത് അവിടെയിട്ട് പോകും. ഇൻ കോൺവർസേഷൻ വിഭാ​ഗത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്. നടി ഖുശ്ബു ആയിരുന്നു അവതാരക.മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം ‘എനിക്ക് എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’ എന്നായിരുന്നു.

ഡയറക്ടർ കഥ പറയാൻ വരുമ്പോൾ കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിശദമായി ചോദിച്ചു മനസിലാക്കും ഡയറക്ടറിലൂടെയാണ് കഥയെ ഞാൻ മനസ്സിലാക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും. അതല്ലാതെ എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല.’ വിജയ് സേതുപതി പറഞ്ഞു.പ്രണയം ആണ് ദുബായിൽ ജോലി ചെയ്തിരുന്ന താൻ നാട്ടിലേക്ക് തിരിച്ചു വരാൻ കാരണം. തിരിച്ചു ദുബായിലേക്ക് പോകാൻ കല്യാണം കഴിഞ്ഞ ശേഷം ഭാര്യ സമ്മതിച്ചില്ല. പിന്നെ നാട്ടിൽ തന്നെ സിനിമയുമായി അങ്ങ് കൂടുകയായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു.