കേരളത്തിലെ ആദ്യ നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകൾ കേരള സർവ്വകലാശാലയിൽ ആരംഭിച്ചു

കേരളത്തിലെ ആദ്യ നാലുവർഷ ബിരുദ കോഴ്സിന്‍റെ ക്ലാസുകൾ കേരള സർവ്വകലാശാലയിൽ ആരംഭിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് നാലുവർഷത്തെ ആർട്സ് ആൻഡ് സയൻസ് ഡിഗ്രി പ്രോഗ്രാം അവതരിപ്പിക്കുന്നത്.

കാര്യവട്ടം കാമ്പസിലാണ് ആരംഭിച്ചത്. പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ നാലുവർഷത്തെ ബിഎ ഓണേഴ്സ് കോഴ്സുകൾ നടത്തും.പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം നടത്തിയത്.

30 സീറ്റുകളുള്ള കാര്യവട്ടത്തെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലാണ് ക്ലാസുകൾ നടക്കുക. അടുത്ത വർഷം മുതൽ എല്ലാ ക്യാമ്പസുകളിലും ഇത് നടപ്പിലാക്കും.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോസയൻസ് പ്രോഗ്രാമിന്‍റെ മാതൃകയിൽ കേരളം 15 അത്യാധുനിക കോഴ്സുകൾ അവതരിപ്പിക്കും.


മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം, വിദ്യാർത്ഥികൾക്ക് ഒരു റെഗുലർ ബിരുദം ലഭിക്കും, അതേസമയം നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഒരു ഗവേഷണ ഘടകത്തോട് കൂടിയ ബിഎ ഓണേഴ്സ് ബിരുദം ലഭിക്കും.ഗവേഷണാത്മക പ്രവർത്തനങ്ങൾ, ഇന്‍റേൺഷിപ് എന്നിവയ്ക്കാണ് നാലാം വർഷം ഊന്നൽ നൽകുക.