ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 10 സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരവും അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിലെ(യുഎഫ്സി) പ്രമുഖനുമായ കോണര്‍ മഗ്രഗോർ ഒന്നാം സ്ഥാനത്ത്. അവസാന 12 മാസത്തെ താരങ്ങളുടെ പ്രതിഫലത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പ്രതിഫലം പറ്റുന്ന 10 കായിക താരങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടത്.
32 വയസ്സ്കാരനായ മഗ്രഗോർ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ മറികടന്നത് ഫുട്ബോൾ ലോകത്തെ രാജാക്കന്മാരായ മെസ്സിയേയും റൊണാൾഡോയേയുമാണ്. ഏകദേശം 180 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ 12 മാസത്ത സമ്പാദ്യം. കളത്തിനകത്തെ പ്രതിഫല കണക്കുകള്‍ മാത്രമാണിത്. മെയ് 1, 2020 മുതല്‍ മെയ് 1, 2021 വരെ താരങ്ങള്‍ക്ക് ലഭിച്ച സമ്മാനത്തുകയടക്കം ഇതില്‍ ഉള്‍പ്പെടും.തൻ്റെ കരിയറിൽ ആദ്യമായാണ് താരം ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തുന്നത്.
ഫോബ്സ് പട്ടികയിൽ പതിവുകാരനല്ലാത്ത മഗ്രഗോർ 2020ൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഗോദയിൽ ഇറങ്ങിയതെങ്കിലും ആ മൽസരത്തിലെ അവിസ്മരണീയ ജയത്തിന് ശേഷം 22 മില്യന്‍ ഡോളറാണ് താരത്തിന് നേടാനായത്. ഡൊണാൾഡ് സേറോണിനെതിരെ കഴിഞ്ഞ ജനുവരിയിൽ നേടിയ വിജയം താരത്തിൻ്റെ കഴിഞ്ഞ വർഷത്തെ ഏക മത്സരവുമായിരുന്നു.

