ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് നേരിട്ട കനത്ത തിരിച്ചടിയോടെ പാര്‍ട്ടി വിടുന്നവരുടെ എണ്ണം ഏറുന്നു. പാര്‍ട്ടിയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ആര്‍. മഹേന്ദ്രന്‍ രാജിവെച്ചത് കമല്‍ഹാസനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് മഹേന്ദ്രന്‍റെ രാജി .234 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതിന്‍റെ പിറ്റേന്നാണ് മഹേന്ദ്രനും മറ്റ് ആറ് മുതിര്‍ന്ന നേതാക്കളും രാജി പ്രഖ്യാപിച്ചത്.
കോയമ്പത്തൂരിലെ സിങ്കനെല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരുന്നു മഹേന്ദ്രന്‍ മത്സരിച്ചത്. തോല്‍വിക്ക് ശേഷം പാര്‍ട്ടി സ്ഥാനങ്ങളും പ്രഥമിക അംഗത്വവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. പാര്‍ട്ടിക്കകത്ത് ജനാധിപത്യമില്ലെന്നും കമല്‍ഹാസനെ ഒരു വിഭാഗമാളുകള്‍ തെറ്റായ പാതയിലാണ് നയിക്കുന്നതെന്നും ആരോപിച്ചായിരുന്നു രാജി.

