ഇടത് സർക്കാരിനെ പുകഴ്ത്തി സി.കെ.പദ്മനാഭന്‍

കണ്ണൂര്‍: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായി വിമര്‍ശിച്ചും ഇടത് സർക്കാരിനെ പുകഴ്ത്തിയും മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭന്‍. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകള്‍, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് ജനവിധിയില്‍ നിന്ന്‌ മനസ്സിലാക്കണം. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ് തുടര്‍ ഭരണം. പല രംഗങ്ങളിലും കേരളം മാതൃകാ സംസ്ഥാനമാണ്. കേരളത്തിന്റെ നേട്ടങ്ങളെ പ്രചാരണത്തില്‍ ഇകഴ്ത്തി സംസാരിച്ചത് ജനം അംഗീകരിച്ചില്ല. എല്ലായ്‌പ്പോഴും വഞ്ചിക്കപ്പെടുന്ന വിഭാഗമാണ് താഴേത്തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍. അവര്‍ ആത്മാര്‍ഥമായി പണിയെടുക്കും.

എന്നാല്‍ അവരുടെ ആത്മാര്‍ഥതയെ തന്നെ മുറിവേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ഇത്തവണ ഉണ്ടായി. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ഭരണം വേണമെന്നാണ് ജനങ്ങളുടെ വിധി വന്നിരിക്കുന്നത്. അതിനെ നാം സ്വീകരിക്കണം. തുടര്‍ഭരണം കേരളത്തില്‍ സംഭവിക്കാത്തതാണ്. സംസ്ഥാന അധ്യക്ഷന്‍ രണ്ടുമണ്ഡലത്തില്‍ മത്സരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്, പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.