സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്സീന്‍ നല്‍കുമെന്ന് കേന്ദ്രം

Vaccine

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്സീന്‍ നല്‍കുമെന്ന് കേന്ദ്രം. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്സീന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്നിക്കിന്‍റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.റഷ്യയിൽ നിന്ന് സ്പുട്നിക്ക് വാക്സീന്‍റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 362727 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു.

മരണം നാലായിരത്തിനു മുകളിൽ തുടരുകയാണ്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ബി വൺ 617 വൈറസ് അതിതീവ്ര വ്യാപന സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നല്കി. നിലവിൽ 44 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയത്.രാജ്യത്ത് വിവിധ കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.

ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്‌സിനെന്ന് അറിയപ്പെടുന്ന സ്പുട്‌നിക് പ്രാദേശിക നിര്‍മാണം ജൂലായില്‍ ഇന്ത്യയില്‍ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.അതേസമയം കൊവിഡ് വന്നുപോയവർക്ക് ആറുമാസത്തിന് ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്.