ജർമ്മനിയിൽ 4000 തൊഴിലവസരങ്ങൾ: ശമ്പളം പ്രതിമാസം മൂന്നു ലക്ഷം രൂപയിലേറെ

തിരുവനന്തപുരം: കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് ജർമ്മനിയിൽ നിന്നുമൊരു സന്തോഷ വാർത്ത. ജർമ്മനിയിൽ 4000 തൊഴിലവസരങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിയിലേക്കാണ് പുതിയ ജോലിക്കാരെ ആവശ്യമുള്ളത്. ആറുവർഷം ദൈർഘ്യമുള്ള പ?ദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകൾ വിജയിച്ച 4000 പേരെയാണ് റിക്രൂട്ട് ചെയ്യുക. ഇതിനായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തി.

തുറക്കുന്നത് അറിവിന്റെയും അവസരങ്ങളുടെയും അതിരുകളില്ലാത്ത ലോകമാണ്. ഡോയ്ച് ബാൻ (ഡിബി) കമ്പനിയാണ് ജർമ്മനിയിലെ റെയിൽവേ നവീകരണം ഏറ്റെടുത്തിട്ടുള്ളത്. ഈ കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കേയ്‌സ്) ആണ് റിക്രൂട്ട്‌മെന്റ് നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും. കൃത്യതയ്ക്കു പേരു കേട്ട ജർമൻ റെയിൽവേയിൽ ട്രാക്കുകളുടെ പ്രശ്‌നം മൂലം ട്രെയിനുകൾ വൈകാൻ തുടങ്ങിയതോടെയാണു വൻ നവീകരണ പദ്ധതിക്കു തുടക്കമിട്ടത്. തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്. അടിസ്ഥാനയോഗ്യതാ മാനദണ്ഡങ്ങളുടെ രൂപരേഖ തയാറാക്കുന്നതനുസരിച്ചാണ് കേയ്‌സ് ഉദ്യോഗാർഥികളെ കണ്ടെത്തുക. ഇവർക്കു ജർമൻ ഭാഷാ പരിശീലനവും കൊച്ചി മെട്രോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പും നൽകി ജർമനിയിലേക്ക് അയക്കും.

തൊഴിൽ നൈപുണ്യമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജർമനി കുടിയേറ്റ നയത്തിൽ ഇളവു വരുത്തിയിരുന്നു. നഴ്‌സുമാരെ ജർമൻ ഭാഷ പഠിപ്പിച്ച് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിൾ വിൻ’ പരിപാടി കേരളത്തിൽ നോർക്കയുമായി ചേർന്നു ജർമൻ ഏജൻസികൾ നടത്തുന്നുണ്ട്. രണ്ടു വർഷത്തിനകം നാനൂറിലേറെ പേർ ഈ പദ്ധതി വഴി ജർമനിയിലെത്തി. അഞ്ഞൂറോളം പേർ പോകാനുള്ള തയാറെടുപ്പിലുമാണ്. ഈ പരിപാടി വിജയമായതാണു നിർമാണമേഖലയിലെ പ്രഫഷനലുകളെത്തേടിയും കേരളത്തിലെത്താൻ കാരണം.