ഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കിലും തിക്കിലും പെട്ട് 18 പേർ മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. കുംഭമേളക്ക് പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. വേറൊരിടത്തേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ വൈകിയതോടെയാണ് ആളുകൾ നിയന്ത്രണം വിട്ട് തിരക്ക് കൂടിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചത് .
സംഭവത്തിൽ അമ്പതിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. 14, 15 നമ്പർ പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്.
ഉന്നതതല അന്വേഷണം നടത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ടു പ്രത്യേക ട്രെയിനുകൾ റെയിൽവേ തയ്യാറാക്കിയിരുന്നു. ഈ ട്രെയിനുകൾ എത്തിച്ചേരുമ്പോഴായിരുന്നു തിരക്ക് അതിരൂക്ഷമായത്. നിരവധി പേർ അബോധാവസ്ഥയിലാവുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക നടപടികൾ സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

