വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സംഘര്‍ഷം

കോട്ടയം/ പാലക്കാട്: കോട്ടയത്തും പാലക്കാടുമടക്കം പലയിടത്തും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സംഘര്‍ഷം. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെയാണ് പലയിടത്തും ജനങ്ങളുടെ തള്ളിക്കയറ്റുമുണ്ടായത്. സംഘര്‍ഷം നടന്ന കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ എല്‍പിസ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്. രജിസ്റ്റര്‍ ചെയ്യാത്തവരും എത്തിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ക്യൂവില്‍് നിന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്കാന്‍ തുടങ്ങിയപ്പോള്‍ ക്യൂവില്‍ ഇല്ലാത്തവരും തള്ളിക്കയറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ടോക്കണ്‍ വിതരണം നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസവും വരി നിന്നിട്ടും വാക്‌സിന്‍ ലഭിക്കാതെ നിരവധി പേരാണ് മടങ്ങിയത്. പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും ഉള്ളത്.