ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തി കര്‍ണാടക. ഈ നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ഒരു ശതമാനം സംവരണമാണ് ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുക. ജൂലൈ 6ന് പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനത്തില്‍ എല്ലാ വിഭാഗത്തിലുള്ള ഭിന്നലിംഗക്കാര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ഒരു ശതമാനം സംവരണം നല്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.
ഭിന്നലിംഗക്കാരോട് യാതൊരുവിധ വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.നീക്കി വെച്ച സംവരണ സീറ്റുകളില്‍ ഭിന്നലിംഗക്കാര്‍ അപേക്ഷിക്കുന്നില്ലെങ്കില്‍ അര്‍ഹരായ മറ്റു ഉദ്യോഗാര്‍ഥികളെ ഈ ജോലിക്കായി പരിഗണിക്കാം.സംസ്ഥാന സ്‌പെഷല്‍ റിസര്‍വ് കോണ്‍സ്റ്റബിള്‍, ബാറ്റ്‌സ്മാന്‍ തസ്തികകളിലെ തൊഴിലവസരങ്ങള്‍ ഭിന്നലിംഗക്കാര്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ഈ വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന സംഗമ എന്ന സന്നദ്ധ സംഘടന കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്കിയിരുന്നു.
ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ കോടതി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കണമെന്ന് സംഗമയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ജയ്‌ന കോത്താരി പറഞ്ഞു.

