ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ് നടന്‍ വിവേക് അന്തരിച്ചു

vivek

ചെന്നൈ: തമിഴ്താരം വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമി, ശിവാജി, അന്യന്‍്, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2009ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.1961 നവംബര്‍ 19ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തെത്തിയത്. സഹസംവിധായകനും തിരക്കഥാകൃത്തുമായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അഭിനയരംഗത്തേക്കെത്തുകയായിരുന്നു. 1987ല്‍ പുറത്തിറങ്ങിയ മാനതില് ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര് ഹിറ്റ് സിനിമകളുടെ ഭാഗമായി.
ഭാര്യ: അരുള്‍സെല്‍വി, മക്കള്‍ : അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.