ജനറല്‍ വിഭാഗത്തിലുള്ള ഭിന്നശേഷിക്കാരും സംവരണത്തിന് അര്‍ഹരെന്ന് സുപ്രിംകോടതി വിധി

supreme court

ന്യൂഡല്‍ഹി: ജനറല്‍ വിഭാഗത്തിലുള്ള ഭിന്നശേഷിക്കാര്‍ സംവരണത്തിന് അര്‍ഹരാണെന്ന് സുപ്രിംകോടതിയുടെ വിധി. ഭിന്നശേഷിയുള്ളവര്‍ എപ്പോള്‍ സംവരണ ആനുകൂല്യം ആവശ്യപ്പെട്ടാലും അന്ന് മുതല്‍ നല്‍കണമെന്നും കോടതി വിധിച്ചു. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കോടതി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തളളി.
ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ പിന്നീട് സംവരണത്തിന് പുറത്താകുന്ന വ്യവസ്ഥ ചോദ്യം ചെയ്ത് ഇടുക്കിയിലെ സര്‍ക്കാര്‍ ജീവനക്കാരിയായ ലീസമ്മ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഉദ്യോഗകയറ്റത്തിന് ഭിന്നശേഷിക്കാര്‍ ഒരുപോലെ അര്‍ഹരാണെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതിയും ശരിവച്ചത്.ഭിന്നശേഷിയുള്ളവരാണെങ്കില്‍ ഉദ്യോഗ കയറ്റത്തില്‍ അവര്‍ ഒരുപോലെ സംവരണത്തിന് അര്‍ഹരാണ്. ജനറല്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചോ, സംവരണം അനുസരിച്ച് ജോലിയില്‍ പ്രവേശിച്ചോ എന്നത് പ്രസക്തമല്ല. എന്ന് മുതല്‍ ആവശ്യപ്പെടുന്നോ അന്ന് മുതല്‍ അവര്ക്ക് സംവരണം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.