ബലിപെരുന്നാള്‍ ഇളവുകള്‍ കുരുടന്‍ ആനയെ കണ്ട പോലെയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ബലിപെരുന്നാള്‍ ദിവസം ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ കുരുടന്‍ ആനയെ കണ്ട പോലെ ഉള്ള അവസ്ഥ ആണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

അദ്ദേഹത്തിന്റെ വാക്കുകള്‍-

‘ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ബലി പെരുന്നാള്‍ ദിനത്തിലെ ആരാധനാലയങ്ങളിലെ പ്രവേശനം സങ്കീര്‍ണമാക്കുകയാണ്. 40 പേരെ പ്രവേശിപ്പിക്കാന്‍ ആണ് അനുമതി. ഇത് 40 ആയി നിജപ്പെടുത്തുക എന്നത് പ്രായോഗികം അല്ല. ഇത് പ്രയാസകരം ആണ്. പള്ളിയില്‍ ഒരു മഹലില്‍ തന്നെ ഇതില്‍ ഏറെ ആളുകള്‍ ഉണ്ടാകും. അവരെ നിയന്ത്രിക്കുക, എളുപ്പം അല്ല. എല്ലാവരും പള്ളിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സമയമാണ് ഈദ്. നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രായോഗികം ആകണം എന്നില്ല. അങ്ങനെ നിയന്ത്രിക്കുന്നത് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ‘വാക്‌സിന്‍ കൂടി എടുത്തവര്‍ ആകണം എന്ന് പറയുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിന് മാത്രം വാക്‌സിനേഷന്‍ നടന്നിട്ടില്ല. വാക്‌സിന്‍ കിട്ടാന്‍ തന്നെ ബുദ്ധിമുട്ട് ആണ് ഇപ്പോള്‍. പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ഇമാമുകള്‍ തന്നെ ഒരു പക്ഷെ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടാകില്ല. ഇമാം ഇല്ലാതെ എങ്ങിനെ ചടങ്ങുകള്‍ നടക്കും .. അത് നടക്കില്ല..സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ ഏറെ സങ്കീര്‍ണത ഉണ്ട്. ഇപ്പോഴത്തെ തീരുമാനം കുരുടന്‍ ആനയെ കണ്ടപോലെ ഉള്ളത് ആണ് എന്ന് പറയേണ്ടി വരും.. ഇക്കാര്യത്തില്‍ സങ്കീര്‍ണത ഇല്ലാതെ ആക്കണം എന്നാണ് പറയാന്‍ ഉളളത്.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മലപ്പുറം ജില്ലാ കളക്ടര്‍ പറഞ്ഞു.
ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ സ്ഥലത്ത് കൂടാന്‍ പാടുള്ളൂ. ഇവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, വാക്‌സിനേഷന്‍ നടത്തിയവരോ ആയിരിക്കണം. ബലികര്‍മ്മം നടത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്. കടകളില്‍ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.