തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ കടുത്ത ഭിന്നത

തിരുവനന്തപുരം : ആര്‍എസ്പിയില്‍ കടുത്ത ഭിന്നത. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ആര്‍എസ്പി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മത്സരിച്ച അഞ്ചു സീറ്റുകളില്‍ ഒരിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടെത്തിയില്ല. രണ്ടാം വട്ടം ചവറയില്‍ പരാജയം രുചിച്ച ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍്ക്കുകയാണ്. വി.പി രാമകൃഷ്ണപിള്ളയെ ചവറയില്‍ തോല്‍പ്പിച്ചാണ് ആദ്യമായി ഷിബു ബേബി ജോണ്‍ ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് രണ്ടാം മല്‍സരത്തില്‍ എന്‍.കെ പ്രേമചന്ദ്രനോട് തോറ്റു. 2011 ല്‍ പ്രേമചന്ദ്രനെ തോല്‍പ്പിച്ച് വീണ്ടും നിയമസഭസയിലെത്തി മന്ത്രിയായി.
ഇപ്പോള്‍ സംഭവിച്ച രണ്ട് പരാജയങ്ങള്‍ കാരണം ഇനി ഏതാനും മാസങ്ങള്‍ സജീവപ്രവര്‍ത്തനത്തിനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ ഷിബു ബേബിജോണ്‍് ഉടന്‍മുന്നണി വിടുമെന്ന് ആരും കരുതുന്നില്ല.