പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസ്

തിരുവനന്തപുരം: കേരളത്തിലെ പതിമൂന്ന് ജില്ലകളില്‍ ബി1617 വൈറസ്. ഇരട്ട ജനിതക മാറ്റം സംഭവിച്ച വൈറസ് ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയിലാണുള്ളത്. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടേതാണ് കണ്ടെത്തല്‍.രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ പഠനത്തിന് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യവാരം ശേഖരിച്ച സാംപിളുകളില്‍ നാല്‍പത് ശതമാനത്തിലും അതിവേഗ വ്യാപന ശേഷിയുള്ള വിവിധ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു.ഏപ്രില്‍ ആദ്യവാരത്തേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ പേരില്‍ വകഭേദങ്ങള്‍ ബാധിച്ചിരിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സ്ഥലങ്ങളില്‍ പടരുന്നത് ഇത്തരം വൈറസാണെന്നാണ് സംശയം.