ആത്മസംതൃപ്തിയോടെയാണ് പടിയിറക്കം : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : തികച്ചും ചാരിതാര്‍ത്ഥ്യത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് പടിയിറങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ പരാജയഭാരമേറ്റെടുത്ത് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

മുല്ലപ്പള്ളിയുടെ വാക്കുകള്‍

ഞാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോള്‍ പാര്‍ട്ടി സംവിധാനം കുത്തഴിഞ്ഞ പുസ്തകം പോലെയായിരുന്നു. ഏതെങ്കിലും വ്യക്തിഗത നേതാക്കളെ കുറ്റപ്പെടുത്തില്ല. അങ്ങനെ സംഭവിച്ചു. അത്തരമൊരു ചുറ്റുപാടില്‍ ഈ പാര്‍ട്ടിയെ എങ്ങനെ വിജയത്തിലെത്തിക്കാനാകുമെന്നതാണ് എന്നെ അലട്ടിയ മുഖ്യപ്രശ്‌നം. അതുകൊണ്ട് പാര്‍ട്ടിയെ സുശക്തമായി അടിത്തട്ടില്‍ നിന്ന് സംഘടിപ്പിക്കണം. അസ്ഥിവാരം ശക്തമായാലേ ഏത് സൗധത്തിനും ശക്തിയുണ്ടാകൂ. അതുകൊണ്ട് ആദ്യം ബൂത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്താന്‍ നോക്കി. 25,000 ബൂത്ത് പ്രസിഡന്റുമാരും അത്രതന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമെത്തി.
ഹൈക്കമാന്‍ഡ് പൂര്‍ണസ്വാതന്ത്ര്യം തനിക്ക് നല്‍കിയിട്ടും അടിത്തട്ടിലേക്ക് വന്നപ്പോള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലല്ല കാര്യങ്ങള്‍ പോയത്. ഒരു കമ്മിറ്റിയും എനിക്ക് സ്വന്തമായി നിശ്ചയിക്കാനാവാത്ത തരത്തിലുള്ള വിലക്കുകളും തര്‍ക്കങ്ങളുമുണ്ടായി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പരമ്പരാഗതമായി ഇവിടെ നിലനില്‍ക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ജീര്‍ണത തന്നെയാണ് കാരണം.

തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് ശക്തമായാല്‍, എം.പിമാരെ ലോക്‌സഭയിലേക്കയച്ചാല്‍, കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനാകും വിധം കോണ്‍ഗ്രസ് ഉയര്‍ന്നുവരുമെന്ന് കണക്കാക്കി. എല്ലായിടത്തും നരേന്ദ്രമോദിയുടെ വര്‍ഗീയഫാസിസത്തിനെതിരെയും കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ കൊള്ളരുതായ്മയെപ്പറ്റിയുമാണ് തുറന്നുകാട്ടിയത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, സീറ്റ് നിഷേധിക്കപ്പെട്ടവരുടെയൊക്കെ വേദന കണ്ടെത്തണം. ആ മുറിവില്‍ മരുന്ന് പുരട്ടണമെന്നും പറഞ്ഞു. പക്ഷേ എവിടെയും മുറിവുണക്കിയില്ല. നേരേ നിയമസഭാതിരഞ്ഞെടുപ്പിലേക്ക് പോയി. നിരാശരായ പ്രവര്‍ത്തകര്‍ക്ക് എവിടെയാണ് ആത്മാര്‍ത്ഥത കാണിക്കാനാവുക. പലേടത്തും അതിന്റെ ദൂഷ്യഫലമുണ്ടായി.
എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനെന്ന നിലയില്‍ ആരുടെ തലയിലും വയ്ക്കുന്നില്ലെന്ന് പറഞ്ഞ് ഏറ്റെടുത്തവനാണ് ഞാന്‍. അതാണെന്റെ രാഷ്ട്രീയചരിത്രം.അതാണെന്റെ രാഷ്ട്രീയശൈലിയും സംസ്‌കാരവും.