ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയരുന്നതിനിടെ പലയിടത്ത് നിന്നും ധാരാളം പ്രതികരണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വിഷയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ലക്ഷദ്വീപ് വിഷയം. ആരോപണങ്ങളും വസ്തുതകളും. ചര്‍ച്ചകള്‍ ഉണ്ടാകട്ടെ.
- കൊവിഡ് മാനദണ്ഡങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാറ്റങ്ങള്‍ വരുത്തിയതു മൂലം ദ്വീപില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു, തുടര്‍ന്ന് കൂടുതല്‍ രോഗികള്‍ ഉണ്ടായി.
കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് ലക്ഷദ്വീപിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ്. ഇതുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ വന്ന കേസ് കോടതി തീര്‍പ്പാക്കിയതും ഈ കാരണത്താലാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് മേല്പറഞ്ഞ അതോറിറ്റി ആണെന്നും ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്ററെ വിളിച്ചു വരുത്തേണ്ട കാര്യമില്ലെന്നും കോടതി കണ്ടെത്തി. - ദ്വീപില്‍ മദ്യം ലഭ്യമാക്കുന്നു.
ടൂറിസത്തിന്റെ ഭാഗമായാണ് മദ്യം ലഭ്യമാക്കുന്നത്. സമ്പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിലും ടൂറിസത്തിന്റെ ഭാഗമായി മദ്യം ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ വേണ്ടിയാണ്. എല്ലാവരും മദ്യം വാങ്ങണമെന്നോ ഉപയോഗിച്ചേ മതിയാകൂ എന്നോ നിയമമില്ല. - ബീഫ് നിരോധനം നടപ്പാക്കുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലുള്ളതാണ് ഗോവധ നിരോധനം. ഇതുതന്നെയാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ബീഫ് നിരോധനത്തോട് എനിക്ക് യോജിപ്പില്ല. മദ്യം പോലെ മാംസവും ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലഭ്യമാക്കണമെന്നാണ് എന്റെ പക്ഷം. - തദ്ദേശ നിവാസികളുടെ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി പരിഗണിക്കുന്നില്ല.
ഒരു പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. സമാനമായി ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ അവരുടെ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി മാത്രം പരിഗണിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. സമൂഹം ബഹുസ്വരമാണ്. ആയതിനാല്‍ എല്ലാവരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം.
5.സിഎഎ/ എന്‍ആര്‍സി പോസ്റ്ററുകള്‍ എടുത്തുമാറ്റി.
സംഭവം സത്യമാണോ എന്നറിയില്ല. ആണെങ്കിലും അതൊരു സ്വാഭാവിക നടപടിയാണ്. സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരായ പോസ്റ്ററുകള്‍ സര്‍ക്കാര്‍ സംവിധാനം നീക്കം ചെയ്യാനുള്ള സാധ്യതയുണ്ട്. നിലവില്‍ എങ്ങും ആള്‍ക്കൂട്ട സമരങ്ങള്‍ ഇല്ലല്ലോ. അതിനര്‍ത്ഥം പ്രതിഷേധം പാടില്ലെന്നല്ല. വിയോജിക്കാനും നിയമനടപടി സ്വീകരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.
6.ഒരു കുറ്റവാളി പോലുമില്ലാത്ത ലക്ഷദ്വീപില്‍ ഗുണ്ടാനിയമം പാസാക്കി.
കുറ്റവാളികളോ കുറ്റങ്ങളോ ഇല്ലെങ്കില്‍ നിയമത്തെ പേടി വേണ്ടല്ലോ.
7.രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്.
അങ്ങനെ മാത്രമല്ല കരട് നിയമം പറയുന്നത്. നിയമം വരുന്ന തീയതിയില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല എന്ന് പ്രത്യേകം പറയുന്നുണ്ട്. അതായത് നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തുടര്‍ന്നും മത്സരിക്കാം. അവര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ മാത്രമേ വിലക്ക് ബാധകമാകൂ. ഇത് ആദ്യമായി നടപ്പാക്കുന്ന സ്ഥലമല്ല ലക്ഷദ്വീപ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഉള്‍പ്പടെ ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലും സമാനമായ നിയമം നിലനില്‍ക്കുന്നുണ്ട്. രാജസ്ഥാനിലും ആസാമിലും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു പോലും അയോഗ്യത കല്‍പ്പിക്കുന്ന രീതിയിലാണ് നിയമനിര്‍മ്മാണം. ഇതൊക്കെ ഭരണഘടനയിലെ തുല്യത വിഭാവനം ചെയ്യുന്ന പതിനാലാം അനുച്ഛേദത്തിനു വിരുദ്ധമാണെന്ന് കോടതികളില്‍ കേസുകള്‍ വന്നവയാണ്, ഒക്കെയും കോടതികള്‍ തള്ളിയതുമാണ്.
8.190 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്നിരുന്നാലും പിരിച്ചുവിടപ്പെട്ടവര്‍ താല്‍ക്കാലിക ജീവനക്കാര്‍ ആണെന്നാണ് ആരോപണത്തില്‍ തന്നെയുള്ളത്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന് ആയിരുന്നല്ലോ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പ്രതിപക്ഷ കക്ഷികള്‍ കേരളത്തില്‍ സ്വീകരിച്ച നിലപാട്.
9.തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുമാറ്റി.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. എന്നിരുന്നാലും തീരദേശ സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് ഇത് നടന്നതെങ്കില്‍ അത് നിയമവിധേയമാവണം. തീരദേശ സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേക സംരക്ഷണ നിയമം ഉണ്ടാകേണ്ട ഇന്ത്യയിലെ ഒന്‍പത് തീരദേശ സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ട്. ഇതില്‍ ആദ്യമായി നിയമം ഉണ്ടാക്കിയത് ലക്ഷദ്വീപാണ്. എന്നാല്‍ അവ നടപ്പാക്കാന്‍ വൈകുന്നതിന്റെ പേരില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ശകാരം അവര്‍ മുമ്പ് കേട്ടിട്ടുമുണ്ട്. തീരദേശ സംരക്ഷണം എന്നത് മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. - ബേപ്പൂരിനെ ഒഴിവാക്കി ലക്ഷദ്വീപില്‍ നിന്നും ചരക്കുനീക്കം ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ മംഗലാപുരത്തേക്ക് വിടുന്നു.
ബേപ്പൂരിലെ തുറമുഖത്തിന് സൗകര്യങ്ങള്‍ കുറവായതിനാല്‍ പകരം ഒരു തുറമുഖം വേണമെന്നത് കാലാകാലങ്ങളായി ലക്ഷദ്വീപിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റികളുടെയും എംപിമാരുടെയും പ്രാദേശിക പ്രതിനിധികളുടെയും പ്രധാനപ്പെട്ട ആവശ്യമാണ്. അതിന്റെ ഭാഗമായാണ് കൂടുതല്‍ സൗകര്യങ്ങളോടെ മംഗലാപുരത്ത് പുതിയ തുറമുഖം കൊണ്ടുവരുന്നത്. ഈ നീക്കം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മാധ്യമങ്ങളോടു പറഞ്ഞത് എംപിയും എന്‍സിപി നേതാവുമായ പി പി മുഹമ്മദ് ഫൈസല്‍ ആണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് തുറമുഖം മാറ്റുന്നത് രാഷ്ട്രീയ പ്രേരിതം തന്നെയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് ഫൈസല്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ”അങ്ങനെയാണെങ്കില്‍ ഇപ്പോഴും മംഗലാപുരത്തെ പഴയ തുറമുഖത്തില്‍ നിന്നാണല്ലോ നമ്മുടെ ലോക്കല്‍ മോട്ടോര്‍ സെയ്‌ലിങ് യാനങ്ങള്‍ നല്ല സൗകര്യങ്ങളോടെ ഓടിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ശരിയല്ല.’
(ഐലന്‍ഡ് ജോക്ക് പറഞ്ഞ പണിക്കരെ ചാനലുകള്‍ ബഹിഷ്‌കരിക്കുക)

