ഇന്ധനവില വര്‍ദ്ധനവ് : നികുതിയിളവ് ജനങ്ങള്‍ക്ക് നല്‍കണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ പ്രക്ഷോഭമല്ല, നികുതിയിളവാണ് ജനങ്ങള്‍ക്ക് എല്‍ഡിഎഫ് നല്‍കേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നത്. ഇന്ധനവില 100 രൂപ കടന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിടിച്ചുവാങ്ങുന്നത് 22.71 രൂപയുടെ നികുതിയാണെന്നും ഖജനാവ് വീര്‍പ്പിക്കുന്നതില്‍ മാത്രമാണ് ഇരുവരുടെയും ശ്രദ്ധയെന്നും സുധാകരന്‍ ആരോപിച്ചു. രാജസ്ഥാനന്‍, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചതു കാണാനും ഇവര്‍ക്ക് കണ്ണില്ല. 2008ല്‍ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിര്‍ത്തിയത് സബ്‌സിഡി നല്കിയാണ്. ഇപ്പോള്‍ അന്താരാഷ്ട്രവിപണയില്‍ ക്രൂഡിന് വില 74 ഡോളറായെങ്കിലും വില കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.