തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചു. ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള യാത്രയുടെ തുടക്കമാണ് സന്ദര്‍ശനമെന്നും എല്ലാ പിന്തുണയും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയെന്നും സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയുമൊക്കെ സംഭാവന വളരെ വലുതാണ്. ചെന്നിത്തലയുടെ വലിയ മനസ്സിന് നന്ദി പറയുന്നു. പാര്‍ട്ടിയുടെ താങ്ങും തണലും ആയി നേതാക്കള്‍ ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് സുധാകരന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഒരേ മനസ്സോടെ അംഗീകരിക്കുകയാണ് ചെയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം, മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനാണ് കെ സുധാകരന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കെ.സുധാകരനും ഗ്രൂപ്പുണ്ടെന്നും പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതില്‍ നേതാക്കള്‍ക്ക് പ്രയാസമുണ്ടായെന്നും പരസ്യമാക്കിയത് കെ.സി.ജോസഫ് ആണ്. ഹൈക്കമാന്‍ഡ് നേരിട്ട് പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും തീരുമാനിച്ചതില്‍ എ-ഐഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ട്.
2021-06-10

