കെ മുരളീധരന്‍ കണ്‍വീനറാകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: കെ.മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകുന്നതിനെതിരെ കേരളത്തിലെ പുതിയ നേതൃത്വവും ഗ്രൂപ്പ് നേതാക്കളും ഒന്നിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണ കെ.മുരളീധരനുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുരളീധരനെതിരെ നേതാക്കള്‍ ഒന്നിച്ചത്. യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ആരെത്തുമെന്ന കാര്യത്തിലാണ് പുതിയ ആശങ്ക. കെ.വി.തോമസിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യ ആലോചന.എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും കെ.മുരളീധരന് ലഭിച്ച പിന്തുണയാണ് നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചത്. മുരളീധരനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതേ സമയം യുവനേതൃത്വം പി.സി.വിഷ്ണുനാഥിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്.
അതേസമയം സാമുദായിക സമത്വം പാലിക്കുന്നതിനായി എം.എ.ഹസ്സനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കണമെന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്.