വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് 40 പേരെ അനുവദിക്കണം, സമസ്ത പ്രത്യക്ഷസമരത്തിലേക്ക്

മലപ്പുറം: വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് 40 പേരെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത പ്രത്യക്ഷസമരത്തിലേക്ക്. സംസ്ഥാനവ്യാപകമായിട്ടാകും പ്രതിഷേധസമരം. വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. വെളളിയാഴ്ചയിലെ ജുമുഅ നമസ്‌കാരങ്ങള്‍ക്കും ബലിപെരുന്നാള്‍ നമസ്‌കാരത്തിനും അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തേ സുന്നി നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരവും ബുധനാഴ്ചയിലെ പെരുന്നാള്‍ നമസ്‌കാരവും അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.