ന്യൂയോര്‍ക്ക്: ഇസ്രയേലും ഹമാസും തമ്മിലെ പ്രശ്‌ന പരിഹാരത്തിന് രണ്ട് ഭരണപ്രദേശങ്ങള്‍ എന്ന നയം മാത്രമേ വഴിയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മാത്രമല്ല, ഗാസയുടെ പുനര്‍നിര്‍മാണത്തിന് മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു പ്രധാന പദ്ധതിക്ക് ശ്രമിക്കുമെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു. താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് ബൈഡന്‍ ഭരണകൂടം സജീവമായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നു. പതിനൊന്ന് ദിവസങ്ങളായി തുടര്‍ന്ന പോരാട്ടം ഹമാസും ഇസ്രയേലും അവസാനിപ്പിച്ചത് വെളളിയാഴ്ചയാണ്. 248 പേര്‍ മരണമടയുകയും 1900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. അറബികളോടും ജൂതരോടും ഒരുപോലെ തുല്യതയോടെ പെരുമാറണമെന്നും ബൈഡന്‍ ഇസ്രയേല്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ വാക്ക് പാലിച്ചതുപോലെ ഇനിയും തുടരുമെന്ന് പ്രതീക്ഷ പങ്കുവച്ച ബൈഡന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൈക്കൊണ്ട വാക്ക് പാലിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ചു.
2021-05-22