ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വാങ്ങുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്

തിരുവനന്തപുരം: ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നായ 2 ഡയോക്‌സി ഡി ഗ്ലൂക്കോസ് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത മരുന്നാണിതെന്നും ഇത് രോഗികളില്‍ പരീക്ഷിക്കരുതെന്നും ആവശ്യപ്പെട്ടാണ് ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 2ഡിജി മരുന്ന് വാങ്ങാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഡയോക്‌സി ഡി ഗ്ലൂക്കോസ് രോഗതീവ്രത കുറയ്ക്കുമെന്നാണ് ഡിആര്‍ഡിഒയുടെ ആവകാശവാദം. ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.