തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാന്‍ താത്പര്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനും പ്രതിപക്ഷനേതൃസ്ഥാനം വെടിയാനും രമേശ് ചെന്നിത്തലയ്ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി ഐ ഗ്രൂപ്പ്. അതേസമയം, ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനാണ് നേതൃത്വത്തിന് താത്പര്യം. 2016 ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷസ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. എന്നാല്‍ ഇത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തുന്നില്ലെന്നാണ് അറിവ്. എന്നാല്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ രാഷ്ട്രീയസമവാക്യങ്ങള്‍ തന്നെ മാറി മറിയും. ദേശീയ തലത്തില്‍ സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന വേണുഗോപാല്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്. രാഹുല്‍ ഗാന്ധിയില്‍ മാത്രം വേണുഗോപാല്‍ ഒതുങ്ങി നില്‍ക്കുകയാണെന്നും സ്റ്റാര്‍ ക്യാമ്പയിര്‍മാരായി ആരേയും കൊണ്ടുവന്നിട്ടില്ലെന്നും സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ വൈകിപ്പിക്കുന്നുവെന്നുമൊക്കെയാണ് വേണുഗോപാലിനെതിരെയുള്ള ആരോപണങ്ങള്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‌നാഥിനെ കൊണ്ടുവരാന്‍ സോണിയക്ക് താത്പര്യമുണ്ടെന്ന സൂചന ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.