തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ് ,മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രധാന ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് കോംപ്ലക്സുകളാക്കി മാറ്റുന്നത്.ഒന്‍പത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാണ് നിര്‍മ്മിക്കുക. കൂടാതെ, സംസ്ഥാനത്ത് 15 പുതിയ ഫേറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങളും 100 ദിനപദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.പദ്ധതികളുടെ ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.വനം കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറക്കുന്നതിനും മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും വനപരിപാലനപ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതി ഏറെ പ്രയോജനകരമായിരുക്കുമെന്ന് വനംമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള കര്‍മ്മപരിപാടികളുടെ ഭാഗമാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.വയനാട് ജില്ലയിലെ ബാവലി , തോല്‍പ്പെട്ടി,മുത്തങ്ങ ചെക്പോസ്റ്റുകളും, പോത്തുണ്ടി,ആനക്കട്ടി ( പാലക്കാട്), മലക്കപ്പാറ(തൃശ്ശൂര്‍), തലപ്പാടി( കാസര്‍ഗോഡ്),കമ്പംമേട്, വഴിക്കടവ്, തലക്കോട്,ഗുരുതിക്കളം,ചട്ടമൂന്നാര്‍( ഇടുക്കി), കോട്ടവാസല്‍ ( കൊല്ലം), കല്ലാര്‍( തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് പുതിയ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റുകള്‍ നിലവില്‍ വരിക.
2021-07-21

