ജില്ലാ യോഗത്തില്‍ ബിജെപി നേതാക്കളുടെ തമ്മിലടി

തിരുവനന്തപുരം: ബിജെപി ജില്ലാ യോഗത്തില്‍ നേതാക്കളുടെ തമ്മിലടി. നെടുമങ്ങാട് മണ്ഡലത്തില്‍ ജെ ആര്‍ പത്മകുമാറിന് പകരം ശോഭാ സുരേന്ദ്രനോ, വി വി രാജേഷോ ആയിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമായിരുന്നെന്ന മണ്ഡലം പ്രസിഡന്റ് വിജയകുമാറിന്റെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ തുടങ്ങി വച്ചത്. തന്നെ അപമാനിക്കുന്ന പ്രതികരണമാണിതെന്ന് പറഞ്ഞ പത്മകുമാര്‍ പാര്‍ട്ടി പലയിടങ്ങളിലും നിഷ്‌ക്രിയമായതിനെതിരെ ആഞ്ഞടിച്ചു. മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി നേതൃത്വത്തിന് എഴുതി നല്‍കുമെന്നും പത്മകുമാര്‍ യോഗത്തില്‍ പറഞ്ഞു.ഇതിനിടെയാണ് വി വി രാജേഷും മുന്‍ പ്രസിഡന്റ് എസ് സുരേഷും തമ്മില്‍ ഇടഞ്ഞത്. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.സംസ്ഥാന സെക്രട്ടറിയായതിനാല്‍ വിശദമായി മേല്‍ക്കമ്മറ്റിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും സുരേഷ് വ്യക്തമാക്കി. കാര്യങ്ങള്‍ വഷളാകുന്നത് കണ്ട സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ഉടന്‍ ജില്ലാ കോര്‍ കമ്മിറ്റി വിളിച്ച് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് രംഗം ശാന്തമാക്കി.അതേസമയം മണ്ഡലങ്ങളിലെ ബിജെപി വോട്ട് ചോര്‍ച്ചയില്‍ ഭാരവാഹികള്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിഡിജെഎസ്, കേരള കാമരാജ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.