നിയമസഭാതിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ വീഴ്ച : സിപിഎം കമ്മീഷന്റെ തെളിവെടുപ്പ് ഇന്ന് മുതല്‍

ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ വീഴ്ചകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സിപിഎം കമ്മീഷന്റെ തെളിവെടുപ്പ് ഇന്ന് മുതല്‍. ജി സുധാകരനടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ കമ്മീഷന്‍ തെളിവ് ശേഖരിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങള്‍.

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടക്കുന്നത്. ജി സുധാകരന്‍ എംഎല്‍എയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ എച്ച് സലാമായിരുന്നു സിപിഎം സ്ഥാനാര്‍ഥി. സലാം വിജയിച്ചെങ്കിലും വോട്ടിന്റെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് വീഴ്ച സംഭവിച്ചതായുള്ള ആരോപണം ഉയര്‍ന്നത്.

സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയില്‍ നിന്നുളള അംഗങ്ങള്‍ സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജി സുധാകരന് പറയാനുളളതും ഇവര്‍ കേള്‍ക്കും.