ന്യൂഡൽഹി: പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ജൂലൈ 1 മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാത്തരം പാദരക്ഷകൾക്കും ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിന്റെ ക്വാളിറ്റി കൺട്രോൾ ഓർഡറിന്റെ (ക്യുസിഒ) കീഴിലേക്കാണ് പാദരക്ഷകളുടെ നിർമ്മാണ വ്യവസായത്തെ എത്തിക്കുന്നത്.
റബർ സ്ലിപ്പർ മുതൽ ലെതർ ചെരിപ്പുകളും ഷൂസും വരെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ ഇറക്കുമതി കുറച്ച് ആഭ്യന്തരവിപണിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. അതേസമയം, ചെറുകിടവ്യവസായങ്ങൾക്ക് ഈ നീക്കം തിരിച്ചടിയാകുമെന്നും ആശങ്കയും നിലനിൽക്കുന്നുണ്ട്.
2021 ജൂലൈയിലാണ് ഇത് നടപ്പാക്കാനിരുന്നത്. എന്നാൽ, സംരംഭകരുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ കാലാവധി 2 തവണ നീട്ടി നൽകുകയായിരുന്നു. ക്യുസിഒ അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി പാദരക്ഷകൾ നിർമ്മിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും പാദരക്ഷകളിലുണ്ടാകുമെന്നാണ് വിവരം.

