ലക്‌നൗ: ക്രിമിനലുകൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാർ ഭരിച്ച ആറു വർഷങ്ങളിൽ കൊടുംകുറ്റവാളികളായ 178 ലിസ്റ്റഡ് ക്രിമിനലുകളെയാണ് ഉത്തർപ്രദേശത്ത് പൊലീസ് വധിച്ചത്. 75,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ക്രിമിനലുകൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2017 മാർച്ച് 20 നും 2023 മാർച്ച് 6 നും ഇടയിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഭയന്ന് നിരവധി ക്രിമിനലുകളാണ് പോലീസിന് മുന്നിൽ കീഴടങ്ങിയിട്ടുള്ളത്. 23,069 കുറ്റവാളികളെ പൊലീസ് ഇക്കാലയളവിൽ അറസ്റ്റ് ചെയ്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ 4911 പേർ ഏറ്റുമുട്ടലിൽ പരിക്കേറ്റ നിലയിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
പതിനഞ്ചോളം പോലീസുകാർക്കാണ് ക്രിമിനലുകളുടെ ആക്രമണത്തിൽ കഴിഞ്ഞ ആറു വർഷത്തിനിടെ ജീവൻ നഷ്ടമായത്. ഇതിന് കാരണക്കാരായവർ മിക്കവരും പൊലീസിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പൊലീസുകാരെ മനപ്പൂർവ്വം ആക്രമിച്ച എല്ലാ മാഫിയകൾക്കും കുറ്റവാളികൾക്കും എതിരെ കർശന നടപടിയാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചത്.

