തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടത്തിപ്പിന്റെ അമരത്ത് ഇത്തവണ 2 വനിതകള്‍. ക്ഷേത്ര ട്രസ്റ്റ് ചെയര്‍പഴ്‌സന്‍ എ.ഗീതാകുമാരിയും ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി. ജയലക്ഷ്മിയുമാണ് 10 ദിവസം നീണ്ട ഉത്സവ നടത്തിപ്പില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുന്നത്. ക്ഷേത്രത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആകെ നിയന്ത്രണം ട്രസ്റ്റിനാണ്.
നിലവിലെ ട്രസ്റ്റ് ചെയര്‍പേഴ്‌സനായ എ. ഗീതാകുമാരി 2008 ലാണ് ട്രസ്റ്റില്‍ അംഗമാകുന്നത്. 2020 ല്‍ ഭരണ സമിതിയിലെത്തി. കഴിഞ്ഞ വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ആദ്യ വനിതാ അധ്യക്ഷയാകുന്നത്. ദേവിയുടെ അനുഗ്രഹത്താല്‍ പൊങ്കാല ഉത്സവ നടത്തിപ്പിനു ചുക്കാന്‍ പിടിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗീതാകുമാരി പറഞ്ഞു. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജി. ജയലക്ഷ്മി 2017 ലാണ് ട്രസ്റ്റില്‍ അംഗമാകുന്നത്. 2021 ല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ എത്തി. എല്ലാം ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്നും ചുമതല വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.
ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി. ശോഭയാണ് പ്രധാന സ്ഥാനം വഹിക്കുന്ന മറ്റൊരു വനിത. സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പ്രസന്നാ നായരും വൊളന്റിയര്‍ കമ്മിറ്റി കണ്‍വീനര്‍ എസ്.ഷീലയും ഉത്സവ കമ്മിറ്റിയിലെ വനിതാ മുഖങ്ങളാണ്. ചട്ടമ്പി സ്വാമി സ്മാരക കമ്മിറ്റി കണ്‍വീനര്‍ പി. പ്രഭാകുമാരി, ഓഡിറ്റോറിയം കമ്മിറ്റി കണ്‍വീനര്‍ ജെ. സുശീല കുമാരി, പബ്ലിക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എസ്. ശോഭന, ഓഡിറ്റ് കമ്മിറ്റി കണ്‍വീനര്‍ ബി. ശാന്തമ്മ എന്നിവരാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനങ്ങളിലുള്ള വനിതകള്‍.

