കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. വയനാട് പടിഞ്ഞാറത്തറയിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകളെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കാപ്പിക്കുളം കുറ്റിയാംവയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യ സാധനങ്ങൾ കവർന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി. ഫെബ്രുവരി 28നായിരുന്നു സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഗീത എന്ന വീട്ടമ്മയാണ് തോക്കേന്തിയ ഒരു പുരുഷനും സ്ത്രീയുമാണ് വന്നതെന്ന് പോലീസിന് മൊഴി നൽകിയത്. മാവോയിസ്റ്റുകൾ തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും അടുക്കളയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ കവർന്നതായും ഇവർ പോലീസിനോട് വെളിപ്പെടുത്തി.
അടുക്കളയിലുണ്ടായിരുന്ന പലചരക്ക് സാധനവും കുട്ടികളുടെ ഭക്ഷ്യവസ്തുക്കളുമാണ് മാവോയിസ്റ്റുകൾ കവർന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ യുഎപിഎ ചുമത്തിയും ആയുധ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. മേഖലയിൽ പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.

