ബ്രഹ്മപുരം തീപിടിത്തം; സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കും.

അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ലാസുകൾക്കു ചൊവ്വാഴ്ചയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയിൽ ഇതു ബാധകമായിരിക്കും. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകൾക്കു മാറ്റമില്ലെന്നു കലക്ടർ അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്‌കൂൾ അവധി സംബന്ധിച്ച അറിയിപ്പ്
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 07-03-2023 (ചൊവ്വ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല.