തൃശൂർ: മാളയിൽ തീപ്പിടുത്തം. മാളയിലെ ബിലീവേഴ്‌സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പ്രദേശത്ത് ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തി. ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പാടത്ത് നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചത്.
ബിലീവേഴ്‌സ് ആശുപത്രി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടമെന്നാണ് റിപ്പോർട്ട്. തീയണക്കാനുള്ള ശ്രമത്തിൽ നാട്ടുകാരും പങ്കാളികളായി. കൃഷിയിറക്കാതെ തരിശായി കിടന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. കടുത്ത പകൽ ചൂടിൽ പുല്ലിന് തീപിടിച്ചതാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, തൃശ്ശൂരിൽ പുഴക്കൽ പാടത്തും തീപിടിത്തം ഉണ്ടായി. അഗ്നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

