ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് റോസ് അവന്യൂ ജില്ലാ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 10-ന് കോടതി സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കും.
സ്പെഷ്യൽ ജഡ്ജ് എം.കെ. നാഗ്പാലിന് മുമ്പാകെയാണ് സിസോദിയയെ ഹാജരാക്കിയത്. നിലവിൽ സി.ബി.ഐ. റിമാൻഡ് ആവശ്യമില്ലെന്നും എന്നാൽ അടുത്ത 15 ദിവസത്തിൽ റിമാൻഡ് ആവശ്യപ്പെട്ടേക്കാമെന്നും സി.ബി.ഐ. അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും കോടതിയെ അറിയിക്കുന്നുണ്ട്. എന്നിട്ടും സിബിഐ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നാണ് പ്രതിഭാഗം പറയുന്നതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെന്ന് പ്രതിഭാഗത്തിന് തോന്നുകയാണെന്ന് അവർക്ക് അത് ചൂണ്ടിക്കാട്ടാമെന്നാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം, ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവദ്ഗീതയും ജയിലിലേക്ക് കൊണ്ടുപോകാൻ മനീഷ് സിസോദിയയ്ക്ക് കോടതി അനുവാദം നൽകി. സിസോദിയയുടെ ആവശ്യപ്രകാരമാണ് നടപടി. സി.ബി.ഐ. നടത്തിയ വൈദ്യപരിശോധനയ്ക്കിടെ നിർദ്ദേശിച്ച മരുന്നുകൾ ജയിലിലേക്ക് കൊണ്ടുപോകാനും അനുമതിയുണ്ട്. വിപാസന സെല്ലിൽ പാർപ്പിക്കുന്നത് പരിഗണിക്കാനും ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.

