തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവന നിർമ്മാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കുമെന്ന് മേയർ അറിയിച്ചു.
കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയർ പറഞ്ഞു. അതേസമയം, പൊങ്കാലയ്ക്കുള്ള മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചെന്നും മേയർ വ്യക്തമാക്കി.
പൊങ്കാല കഴിഞ്ഞ് കട്ടകൾ അവിടെ തന്നെ നിക്ഷേപിക്കണം. നല്ല ഉദ്ദേശത്തിന് വേണ്ടിയാണ് കട്ടകൾ ഉപയോഗിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം ശുചീകരണപ്രവർത്തനങ്ങൾക്ക് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയതായി മേയർ പറഞ്ഞു. മുൻകാലങ്ങളിലെപ്പോലെ പൊങ്കാല സമർപ്പണം പൂർത്തിയായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ശുചീകരണപ്രവൃത്തികൾ പൂർത്തിയാക്കും. നഗരസഭയുടെ ശുചീകരണതൊഴിലാളികളും സന്നദ്ധപ്രവർത്തകരും ശുചീകരണത്തിന് നേതൃത്വം നൽകും. നഗരസഭാ കരാറുകാർ, ലോറി ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, കാറ്ററിങ് ഓണേഴ്സ് അസോസിയേഷൻ, സർവീസ് പ്രമോട്ടർമാർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരടക്കം ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.

