തീവ്രവാദികളുടെ സുരക്ഷിത താവളം കൂടിയാണ് പാകിസ്ഥാന്‍; യു.എന്നില്‍ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ നിഷേധിക്കുന്നു എന്ന് കൗണ്‍സിലില്‍ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്‍ ആക്ഷേപിച്ചിരുന്നു. ‘വീടുകള്‍ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കാശ്മീരികളുടെ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതാക്കാനാണ് ഇന്ത്യന്‍ അധിനിവേശ അധികാരികള്‍ ശ്രമിക്കുന്നത്’- എന്നു അവര്‍ വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായാണ് പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി തിരിച്ചടിച്ചത്.

‘ക്രിസ്ത്യന്‍, ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍ക്കൊന്നും രക്ഷയില്ല. കിരാതമായ മതനിന്ദാനിയമത്തിന്റെ മറവില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ വേട്ടയാടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് തൂപ്പ് ജോലി മാത്രമേ നല്‍കൂ. പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍, ഹിന്ദു, സിക്ക് പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധമായി പരിവര്‍ത്തനം ചെയ്യുന്നു. പാക് ഭരണകൂടവും ജുഡിഷ്യറിയും അതിന് ഒത്താശ ചെയ്യുന്നു. ഹിന്ദു, സിക്ക് ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. പാക് സൈന്യത്തെയോ ജുഡിഷ്യറിയെയോ മോശമായി പരാമര്‍ശിക്കുന്നവരെ അഞ്ച് വര്‍ഷം ജയിലില്‍ അടയ്ക്കാനുള്ള ബില്‍ പാക് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. അഹമ്മദീയ സമുദായത്തെയും പാകിസ്ഥാന്‍ ക്രൂരമായി പീഡിപ്പിക്കുന്നു. ഈ സമുദായത്തിലെ വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അദ്ധ്യാപകരെയും സമുദായ നേതാക്കളെയും നിരന്തരം കാണാതാവുന്നു. പത്തു വര്‍ഷത്തിനിടെ കാണാതായവരെ പറ്റിയുള്ള 8463 പരാതികളാണ് പാകിസ്ഥാന്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനുകള്‍ക്ക് കിട്ടിയത്. തീവ്രവാദികളുടെ സുരക്ഷിത താവളം കൂടിയാണ് പാകിസ്ഥാന്‍. ഒസാമ ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് വര്‍ഷങ്ങളായി സംരക്ഷണം നല്‍കി. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പാകിസ്ഥാന്‍ യു. എന്‍ വേദി ദുരുപയോഗം ചെയ്യുകയാണ്. സ്വന്തം ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാക് നേതൃത്വത്തെ ഉപദേശിക്കുകയാണ്’- സീമ പൂജാനി ചൂണ്ടിക്കാട്ടി.

അതേസമയം, കൗണ്‍സിലില്‍ പാകിസ്ഥാന് അനുകൂലമായി ജമ്മു കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച ഒ.ഐ.സിയെയും തുര്‍ക്കിയെയും അവര്‍ വിമര്‍ശിച്ചു. ‘ജമ്മു-കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നത് കണക്കിലെടുക്കാതെ ഇന്ത്യന്‍ പ്രദേശത്ത് പാകിസ്ഥാന്‍ അധിനിവേശം നടത്തുകയാണ്. ഒ.ഐ.സി അംഗമായ പാകിസ്ഥാനോട് ഭീകരത ഉപേക്ഷിക്കാനും അധിനിവേശത്തില്‍ നിന്ന് പിന്‍മാറാനും ആവശ്യപ്പെടുകയാണ് വേണ്ടതെന്ന്’ സീമ കൂട്ടിച്ചേര്‍ത്തു.