സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ അവസ്ഥ; വിമർശനവുമായി എം കെ രാഘവൻ

കോഴിക്കോട്: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എം കെ രാഘവൻ. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നതാണ് കോൺഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം വിമർശിച്ചു. വിമർശനവും വിയോജിപ്പും ഇല്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്ന് ഭയക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നുവരെ കെപിസിസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഓരോരുത്തരെ ലിസ്റ്റ് വിളിച്ചു പറയുകയാണ് ചെയ്യുന്നത്. സ്വന്തക്കാരുടെ ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത്, അർഹരെ കൊണ്ടുവന്നില്ലെങ്കിൽ പാർട്ടിയുടെ ഗതിയെന്താവുമെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജനങ്ങളും നാടും അംഗീകരിച്ചവരെ തിരിച്ചുകൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ധാർമ്മികതയും മൂല്യവും ഉള്ളവർക്കാണ് നിലപാടുണ്ടാവുക. വി എം സുധീരനെപ്പോലുള്ളവർ വരണം. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതിയെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.