2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഒറ്റയ്ക്കു മത്സരിക്കുമെന്നു മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘തൃണമുല്‍ കോണ്‍ഗ്രസ് ജനങ്ങളുമായാണു സഖ്യമുണ്ടാക്കുക. ജനപിന്തുണയോടെ ഒറ്റയ്ക്കു പോരാടും. ബിജെപിയെ തോല്‍പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടിഎംസിക്ക് വോട്ടുചെയ്യും. കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ടുചെയ്യുന്നവര്‍ ബിജെപിക്ക് വോട്ടുചെയ്യും. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പരസ്പര സഹായക ബന്ധമാണുള്ളത്’- മമത വിമര്‍ശിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല പ്രതിപക്ഷമെന്ന ആശയത്തില്‍ 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള് ഒരുങ്ങുന്നതിനിടെയാണു മമതയുടെ പ്രഖ്യാപനം. നിലവില്‍ തൃണമൂലിനു ലോക്‌സഭയില്‍ 23 എംപിമാരുണ്ട്. കോണ്‍ഗ്രസ് (52), ഡിഎംകെ (24) എന്നിവര്‍ക്കു ശേഷം ഏറ്റവും വലിയ മൂന്നാമത്തെ പ്രതിപക്ഷ കക്ഷിയാണ് തൃണമൂല്‍.

അതിനിടെ, കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷമെന്ന ആശയത്തെ പിന്തുണയ്ക്കാമെന്ന് ചില പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെ മൂന്നാം മുന്നണിയെന്ന ആശയം തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍ തള്ളിക്കളഞ്ഞിരുന്നു.