മുംബൈ: തുടര്‍ച്ചയായി തന്റെ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ തകര്‍ന്നു തരിപ്പണമാകാനുള്ള കാരണം പറഞ്ഞ് നടന്‍ അക്ഷയ് കുമാര്‍.
‘ഇത് ആദ്യമായിട്ടല്ല എന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. എന്റെ കരിയറില്‍ തുടര്‍ച്ചയായി 16 സിനിമകള്‍ വരെ പരാജയപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് സിനിമകള്‍ വരെ വിജയിക്കാതിരുന്നിട്ടുണ്ട്. ഇപ്പോള്‍ മൂന്നു നാലു സിനിമകള്‍ വരെ ചലനമുണ്ടാക്കാതിരിക്കുന്നു. അത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിക്കുന്നത്. പ്രേക്ഷകര്‍ മാറി. നമ്മള്‍ മാറേണ്ടതുണ്ട്. നമ്മള്‍ പുതുക്കുപ്പണിയേണ്ടതുണ്ട്. വീണ്ടും തുടങ്ങേണ്ടതുണ്ട്. കാരണം പ്രേക്ഷകര്‍ക്ക് മറ്റെന്തൊക്കെയോ കാണേണ്ടതുണ്ട്’- അക്ഷയ് കുമാര്‍ പറഞ്ഞു. നിങ്ങളുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാറണമെന്ന മുന്നറിയിപ്പാണതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു- ‘പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തരുത്. അത് എന്റെ തെറ്റാണ്, 100 ശതമാനം. പ്രേക്ഷകര്‍ കാരണമല്ല സിനിമ പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വരുന്ന തെറ്റാണ്. ഒരുപക്ഷെ സിനിമയില്‍ ശരിയായ ചേരുവകള്‍ നല്‍കിയിട്ടില്ലായിരിക്കാം’- അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസന്‍സ് എന്ന മലയാളം സിനിമയുടെ ബോളിവുഡ് റീമേക്കാണ് സെല്‍ഫി. ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രമായി സിനിമയിലുണ്ട്.

