സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തി ജാഥയില്‍ പങ്കെടുപ്പിക്കേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സിപിഎം പഞ്ചായത്ത് മെമ്പറുടെ ഭീഷണി. ആരും ഒഴിഞ്ഞു പോകാതെ ജാഥയില്‍ പങ്കെടുക്കണമെന്നായിരുന്നു കണ്ണൂര്‍ മയ്യില്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം സി. സുചിത്ര തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്. ജാഥയ്ക്ക് വരാത്തവര്‍ക്കു പിന്നീടു ജോലി നല്‍കേണ്ടി വരുമോയെന്നതു ചിന്തിക്കേണ്ടി വരുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

‘തളിപ്പറമ്പില്‍ രാവിലെ ജാഥ എത്തുമ്പോള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ മുഴുവന്‍ അതില്‍ പങ്കെടുക്കണം. നമ്മുടെ വാര്‍ഡില്‍ പ്രത്യേക മസ്റ്റ് റോള്‍ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. പണിയുള്ള വാര്‍ഡുകളില്‍ എല്ലാം കൃത്യമായി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞുപോകാതെ മുഴുവന്‍ ആളുകളും ജാഥയില്‍ പങ്കെടുക്കണം. വരാന്‍ സാധിക്കാത്തവര്‍ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം ഞാന്‍ തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആള്‍ക്കാര്‍ ആണെങ്കില്‍ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മള്‍ ചിന്തിക്കാം’- എന്നായിരുന്നു മെമ്പറുടെ സന്ദേശം.

അതേസമയം, ഇത് വിവാദമായതോടെ പ്രതികരണവുമായി സിപിഎം സെക്രട്ടറി തന്നെ രംഗത്ത് വന്നു. വലിയ ആള്‍ക്കൂട്ടമാണ് ജാഥയിലുള്ളതും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തികാട്ടുന്നത് ശരിയല്ലെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. ജനകീയ പ്രതിരോധ ജാഥയില്‍ എല്ലായിടത്തും വന്‍ തിരക്കാണെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഓഡിയോ വൈറലായ ശേഷം പ്രതികരണത്തിന് മെമ്പര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥ തളിപറമ്പില്‍ എത്തിയത്.