നീണ്ട ഇടവേളക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ് നടി ഭാവന. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വീഡിയോയിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഭാവന.
അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഒരുപാട് ടെന്‍ഷനുണ്ടെന്നും ആദ്യ സിനിമ പുറത്തിറങ്ങുന്ന അതെ ഫീലാണ് ഇപ്പോഴുള്ളതെന്നും ഭാവന പറഞ്ഞു. എല്ലാവരുടെയും പിന്തുണ വേണമെന്നും തിയേറ്ററുകളില്‍ പോയി തന്നെ സിനിമ കാണണമെന്നും ഭാവന ആവശ്യപ്പെട്ടു. നല്ലതും മോശമായതുമായ സിനിമാ റിവ്യൂകള്‍ പങ്കുവെക്കണമെന്നും നടി അറിയിച്ചു.
അതെ സമയം ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. നീണ്ടനാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ടൈഗര്‍ ഷ്രോഫ്, മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങിയവര്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തി. സിനിമയില്‍ ഷറഫുദ്ദീനാണ് നായക വേഷത്തില്‍ എത്തുന്നത്. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

