ലോക ബാങ്കിന്റെ തലവനാകാൻ ഇന്ത്യൻ വംശജനായ അജയ് ബംഗ; നാമനിർദ്ദേശം ചെയ്ത് ജോ ബൈഡൻ

വാഷിങ്ടൺ: ലോക ബാങ്കിന്റെ തലവനായി ഇന്ത്യൻ വംശജനായ അജയ് ബംഗയെ നാമനിർദ്ദേശം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് അദ്ദേഹത്തെ പദവിയിലേക്ക് നാമനിർദ്ദേശം നൽകിയത്. മാസ്റ്റർ കാർഡിന്റെ മുൻ സിഇഒയാണ് അജയ് പൂനെയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ്. ചരിത്രത്തിലെ ഈ നിർണായക മുഹൂർത്തത്തിൽ ലോക ബാങ്കിനെ നയിക്കാൻ തികച്ചും പ്രാപ്തനാണ് അജയ് എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

മൂന്നുപതിറ്റാണ്ടോളം, ആഗോള കമ്പനികളെ വിജയകരമായി നയിക്കുകയും, തൊഴിലുകൾ സൃഷ്ടിക്കുകയും, വികസ്വര രാജ്യങ്ങളിലേക്ക് നിക്ഷേപം കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ് അജയ് ബംഗ. ആഗോള നേതാക്കളുമായി സഹകരിച്ച് ഫലമുണ്ടാക്കാനും, ആളുകളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യാനും പ്രാപ്തി ഉണ്ടെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം അടക്കം, അടിയന്തര വെല്ലുവിളികളെ നേരിടാൻ, പൊതു-സ്വകാര്യ വിഭവ വിനിയോഗത്തിൽ നിർണായകമായ അനുഭവപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം. വികസ്വര രാഷ്ട്രങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കാനും, സമൃദ്ധിയിലേക്ക് നയിക്കാനും ഉള്ള ലോക ബാങ്കിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ തനതായ കാഴ്ചപ്പാടുള്ള ആളാണ് അജയ് എന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

2016 ൽ ഇന്ത്യ അജയ് ബംഗയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. അജയ് ബംഗയുടെ അച്ഛൻ ഹർഭജൻ സിഭ് ബംഗ കരസേനയിൽ ലഫ്റ്റനന്റ് ജനറലായിരുന്നു.