കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. മാവൂർ റോഡിലെ നാഷണൽ ആശുപത്രിയിലാണ് കാൽമാറി ശസ്ത്രക്രിയ നടന്നത്. കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരനാണ് ശസ്ത്രക്രിയ നടന്നത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാനാണ് സജിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഓർത്തോവിഭാഗം മേധാവി ഡോ.ബഹിർഷാൻ ആണ് ശസ്ത്രക്രിയ നടത്തിയത്. വലതുകാലിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകുമെന്നും സജിന വ്യക്തമാക്കി.
വാതിലിനിടയിൽ കുടുങ്ങിയാണ് സജിനയ്ക്ക് ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. ഒരു വർഷം മുൻപായിരുന്നു സംഭവം. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനെ തുടർന്നാണ് സജിന സ്വകാര്യ ആശുപത്രിയിലെത്തി സർജനെ കണ്ടത്. ഓർത്തോ സർജൻ ഡോ. ബഹിർഷാന്റെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ആദ്യം കാണിച്ചത്. നാഷണൽ ആശുപത്രിയിലും അദ്ദേഹം ചികിത്സിക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ഫെബ്രുവരി 20ാം തിയതിയാണ് ഇവിടെ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് തനിക്ക് വേദനയുള്ള കാലിനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതെന്ന് സജിന പറയുന്നു. വീഴ്ച്ചപറ്റിയെന്ന് ഡോക്ടർ തുറന്നു സമ്മതിച്ചതായും സജിന ചൂണ്ടിക്കാട്ടി.
അതേസമയം, രോഗി് വലതുകാലിലും പ്രശ്നമുള്ളതിനാലാണ് ആദ്യം ആ കാലിൽ ശസ്ത്രക്രിയ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച് രോഗിയോടും ഭർത്താവിനോടും ശസ്ത്രക്രിയക്ക് മുൻപ് പറഞ്ഞിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

