ടിക്കറ്റ് കാൻസലിംഗ്; ഇന്ത്യൻ റെയിൽവേയ്ക്ക് പ്രതിദിനം ലഭിക്കുന്ന വരുമാനം ഏഴു കോടിയോളം രൂപ

ന്യൂഡൽഹി: ടിക്കറ്റ് കാൻസലിംഗിലൂടെ ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിക്കുന്ന വരുമാന കണക്ക് പുറത്ത്. ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റിലൂടെയുമായി റെയിൽവേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2019-നും 2022-നുമിടയിലായി 31 കോടിയിലധികം ടിക്കറ്റുകളാണ് റദ്ദാക്കിയത്. 6297 കോടി രൂപയാണ് റെയിൽവേയ്ക്ക് ഇതിലൂടെ ലഭിച്ചത്.

ശരാശരി 4.31 കോടി രൂപയാണ് ശരാശരി കണക്കുപ്രകാരം ഒരോ ദിവസവും റെയിൽവേക്ക് ലഭിക്കുന്നത്. അതേസമയം, 32 ശതമാനം വർദ്ധനവാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ റെയിൽവേയുടെ വരുമാനത്തിൽ ഉണ്ടായതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021-ൽ 1,660 കോടി രൂപയായിരുന്നു റെയിൽവേയുടെ വരുമാനം. 2022-ലെത്തിയപ്പോൾ ഇത് 2,184 കോടി രൂപയായി ഉയർന്നു.

2020-ൽ ടിക്കറ്റ് കാൻസലേഷൻ വഴി ആകെ ലഭിച്ചത് 796 കോടി രൂപയാണ്. പ്രതിദിനം ശരാശരി 2.17 കോടി രൂപ എന്ന വിധത്തിലാണിത്. 2022 ആയപ്പോൾ ഇത് ആറു കോടിക്കടുത്ത് വർധിച്ച് 2,184 കോടി രൂപയായി. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ 9.03 കോടി പേർ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ കാൻസൽ ചെയ്തിരുന്നില്ല. 4,107 കോടി രൂപയാണ് ഇതുവഴി റെയിൽവേക്ക് കിട്ടിയതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.